അഗ്നിപഥ് പദ്ധതി; നിയമനത്തിന് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ആർമി

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി സൈന്യത്തിൽ ചേരുന്നതിനുള്ള അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ സൈന്യം. ജൂലൈ മാസത്തിലാണ് ഇതിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുക. ആയുധ വിഭാഗം, ടെക്, എവിഎൻ ആൻഡ് എഎംഎൻ എക്‌സാമിനർ, ക്ലർക്ക്, സ്റ്റോർ കീപ്പർ ടെക്‌നിക്കൽ, ട്രേഡ്‌സ്മാൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

ഒരു ഉദ്യോഗാർത്ഥിക്ക് ഒരു വിഭാഗത്തിൽ മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഒന്നിലധികം ട്രേഡ്/വിഭാഗം എന്നിവയിലായി ആരെങ്കിലും രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയാൽ, അയാൾ അയോഗ്യനാക്കപ്പെടും. ഒരു വിഭാഗത്തിലും പരിഗണിക്കുകയും ചെയ്യില്ല. joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

17.5 വയസ്സ് മുതൽ 23 വയസ്സ് വരെയുള്ളവർക്കാണ് അഗ്‌നിവീർ (ജനറൽ ഡ്യൂട്ടി)യ്ക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. പത്താം ക്ലാസ്സിൽ മൊത്തത്തിൽ 45 ശതമാനം മാർക്കും ഓരോ വിഷയത്തിലും 33 ശതമാനം മാർക്ക് അപേക്ഷകർക്ക് ലഭിച്ചിരിക്കണം.

അഗ്‌നിവീർ (ടെക്ക്, എവിഎൻ ആൻഡ് എഎംഎൻ എക്‌സാമിനർ) തസ്തികയിൽ അപേക്ഷ സമർപ്പിക്കുന്നവർ സയൻസ് വിഷയം എടുത്ത് ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം, ഇംഗ്ലീഷ് എന്നിവ പഠിച്ച് മൊത്തത്തിൽ 50 ശതമാനം മാർക്കോടെയും ഓരോ വിഷയത്തിൽ 40 ശതമാനം മാർക്കോടെയും 12ാം ക്ലാസ്സ് പാസ്സായിരിക്കണം.

12-ാം ക്ലാസ്സിൽ ഏതെങ്കിലും സ്ട്രീമിൽ പഠിച്ച് മൊത്തത്തിൽ 60 ശതമാനം മാർക്കോടെയും ഓരോ വിഷയത്തിലും 50 ശതമാനം മാർക്കോടെയും പാസ്സായവർക്ക് അഗ്‌നിവീർ ക്ലാർക്ക്, സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ പോസ്റ്റുകളിൽ അപേക്ഷിക്കാം. പത്താം ക്ലാസ്സും എട്ടാം ക്ലാസും എത്ര മാർക്കോട് കൂടിയാണെങ്കിലും പാസ്സായവർക്ക് ട്രേഡ്‌സ്മാൻ 8ാം ക്ലാസ്സ്, ട്രേഡ്‌സ്മാൻ 10ാം ക്ലാസ്സ് എന്നീ പോസ്റ്റുകളിലും അപേക്ഷ സമർപ്പിക്കാം. ഓരോ വിഷയത്തിലും ഇവർ 33 ശതമാനം മാർക്ക് നേടിയിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം:

ഔദ്യോഗിക വെബ്‌സൈറ്റിൽ റിക്രൂട്ട്‌മെൻറ് ഫോർ അഗ്‌നിവീർസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ പൂരിപ്പിക്കുക. ഡോക്യുമെൻറുകൾ അപ്‌ലോഡ് ചെയ്യുക.

ആപ്ലിക്കേഷൻ സമർപ്പിക്കുക. ഇതിന് ശേഷം ഒരു പ്രിന്റ് ഔട്ടും എടുത്ത് വെക്കുക.

റിക്രൂട്ട്‌മെന്റ് റാലി വഴിയായിരിക്കും തെരഞ്ഞെടുപ്പ്. റിക്രൂട്ട്‌മെന്റ് റാലിയുടെ സ്ഥലം, സമയം, തീയ്യതി എന്നിവയടങ്ങുന്ന വിശദാംശങ്ങൾ അഡ്മിറ്റ് കാർഡ് ഇ-മെയിൽ വഴി നേരത്തെ തന്നെ അയക്കും. റിക്രൂട്ട്‌മെൻറ് റാലി സ്ഥലത്ത് വെച്ച് ആദ്യം തന്നെ ശാരീരിക ക്ഷമതാ പരിശോധന നടക്കും. പിന്നീട് ഒരു മെഡിക്കൽ ടെസ്റ്റും നടക്കും. വൈദ്യപരിശോധന പാസ്സായവർക്കായി ഒരു കോമൺ എൻട്രൻസ് പരീക്ഷയും ഉണ്ടാകും.