‘വിക്രം’ ഒടിടിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍

കമല്‍ഹാസന്‍ ചിത്രം ‘വിക്രം’ ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്‌ബോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ചിത്രം ആഗോളതലത്തില്‍ 370 കോടിയിലധികം രൂപ നേടി റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഈ അവസരത്തിലാണ് ചിത്രം ഉടന്‍ ഒടിടിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. സംവിധായകന്‍ ലോകേഷ് കനകരാജ് ഈ ചിത്രത്തിലൂടെ വലിയ നിരൂപക പ്രശംസ നേടിയിരുന്നു. തമിഴിലെ മികച്ച സംവിധായകരിലൊരാളായാണ് ലോകേഷിനെ നിരൂപകര്‍ വിലയിരുത്തുന്നത്. ചിത്രം ഓഗസ്റ്റ് മുതല്‍ ഒടിടിയില്‍ ലഭ്യമാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ജൂലൈ എട്ടിന് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ‘വിക്രം’ അടുത്തിടെ തമിഴ്നാട്ടില്‍ 150 കോടിയിലധികം നേടിയ ബോക്സ് ഓഫീസ് റെക്കോര്‍ഡ് തകര്‍ത്തു. ചിത്രത്തില്‍ നടന്‍ സൂര്യ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ‘ബാഹുബലി 2’ ആണ് അവസാനമായി 150 കോടി കടന്ന ചിത്രം.