ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപദി മുര്‍മുവിനെ തിരഞ്ഞെടുത്തത് അഭിനന്ദനാര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ‘ആദ്യത്തെ ആദിവാസി വനിതാ പ്രസിഡന്റ് രാജ്യത്തിന് ഉണ്ടാകും. എല്ലാവിഭാഗം ജനങ്ങള്‍ക്കും പങ്കാളിത്തമുള്ള ഭരണം സാധ്യമാകും. പ്രധാനമന്ത്രി നാളുകളായി പറയുന്നത് ഇതാണ്’- ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം ദ്രൗപദി മുര്‍മ്മു നാമനിര്‍ദ്ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ദ്രൗപതി ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ചും രാജ്യത്തിന്റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുര്‍മ്മുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
എന്നാല്‍, വെങ്കയ്യ നായിഡു, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവരുടെ പേരുകള്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. പിന്നീടാണ് വനിതയും ആദിവാസി വിഭാഗത്തില്‍ നിന്നുള്‍പ്പെട്ടതുമായ ദ്രൗപദി മുര്‍മ്മുവിലേക്ക് ബിജെപി എത്തിയത്. ഒഡിഷയില്‍ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുര്‍മു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. കൗണ്‍സിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂര്‍ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയര്‍പേഴ്‌സണായി. 2013ല്‍ ഒഡീഷയിലെ പാര്‍ട്ടിയുടെ പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

