ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. അഗ്നിപഥ് പദ്ധതി സായുധ സേനയെ ദുർബലപ്പെടുത്തുന്ന പദ്ധതിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും പാർട്ടി പ്രവർത്തകരോടും കോൺഗ്രസ് നേതാക്കളോടും അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
കാർഷിക നിയമങ്ങൾ പോലെ അഗ്നിപഥും കേന്ദ്ര സർക്കാറിന് പിൻവലിക്കേണ്ടി വരും. കാർഷിക ബില്ലുകൾ കേന്ദ്ര സർക്കാറിന് പിൻവലിക്കേണ്ടി വരുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. എന്നിട്ട് കാർഷിക ബില്ലുകൾ പിൻവലിച്ചില്ലേ. ഓരോ ഇന്ത്യൻ യുവാക്കളും തങ്ങളോടൊപ്പമാണ്. കാരണം സൈന്യത്തെ ദുർബലപ്പെടുത്തുന്നതിലല്ല, ശക്തിപ്പെടുത്തുന്നതിലാണ് യഥാർത്ഥ ദേശസ്‌നേഹം ഉള്ളതെന്ന് അവർക്കറിയാമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ബിജെപി സർക്കാർ നമ്മുടെ സൈന്യത്തെ ദുർബലപ്പെടുത്തുകയാണ്. അവർ സ്വയം ദേശീയവാദികൾ എന്ന് വിളിക്കുന്നു, സേനയിൽ പ്രവേശിക്കാൻ കഠിനമായി പരിശീലിക്കുന്ന നമ്മുടെ യുവാക്കളാണ് യഥാർത്ഥ ദേശ സ്‌നേഹികൾ, യുവാക്കളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി.
അഗ്നിപഥിലൂടെ സേനയിലെത്തുന്ന യുവാക്കളിൽ വലിയൊരു വിഭാഗം നാലു വർഷത്തിന് ശേഷം പുറന്തള്ളപ്പെടും, മറുവശത്ത് ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ വിഹരിക്കുകയാണ്. അവർ നമ്മുടെ ഭൂമി കയ്യേറി. രാജ്യം സൈനികമായി ശക്തിപ്പെടേണ്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അതിനെ ദുർബലപ്പെടുത്തുന്ന നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്നും യുദ്ധമുണ്ടായാൽ ഇത് രാജ്യത്ത് കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം വിമർശിച്ചു.

