മുംബൈ: ഉദ്ദവ് താക്കറെയ്ക്ക് ഒപ്പം മുന്നണി ഉറച്ചുനിൽക്കുമെന്ന് എൻസിപി അദ്ധ്യക്ഷൻ ശരത് പവാർ. മുന്നണിയുടെ ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമത എംഎൽഎമാർ മുംബൈയിൽ തിരികെ എത്തിയാൽ സാഹചര്യം മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയിൽ അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ ബിജെപി മെനയുന്നുണ്ട്. രാഷ്ട്രീയ കരുനീക്കങ്ങൾക്കായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഡൽഹിയ്ക്ക് പോകുമെന്നാണ് വിവരം അമിത് ഷായും ആയി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നത് വൈകില്ലെന്നാണ് പാർട്ടി കേന്ദ്രനേതൃത്വം നൽകുന്ന സൂചനകൾ. തത്ക്കാലം വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടേണ്ടതില്ലെന്നാണ് ബിജെപിയുടെ തീരുമാനം.
ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന എംഎൽഎമാർ ഗുജറാത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താവളമടിച്ചതോടെയാണ് വിമതരുടെ കലാപം പരസ്യമായത്. പ്രതിസന്ധി പരിഹരിക്കാൻ മഹാവികാസ് അഘാഡി നേതാക്കളുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇത് വിജയം കണ്ടില്ല.

