നിറത്തിന്റെ പേരില്‍ വിവാദ പരാമര്‍ശം; പി.കെ ബഷീറിനെ നേരിട്ട് കാണുമ്പോള്‍ ചോദിക്കാമെന്ന് എം.എം മണി

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പി.കെ ബഷീര്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശത്തിനെ കുറിച്ച് നേരിട്ട് കാണുമ്പോള്‍ ചോദിക്കുമെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം മണി എംഎല്‍എ. പരാമര്‍ശത്തിന് ജനങ്ങള്‍ മറുപടി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറനാട് മണ്ഡലത്തിലെ എംഎല്‍എയായ പി.കെ ബഷീറിന്റെ വംശീയാധിക്ഷേപത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.

‘കറുപ്പ് കണ്ടാല്‍ പിണറായിക്ക് പേടി, പര്‍ദ്ദ കണ്ടാല്‍ പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാല്‍, ഇവരുടെ സംസ്ഥാന കമ്മിറ്റിയില്‍ എം.എം മണി ചെന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്നാണ്…കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ…’ എന്നിങ്ങനെയായിരുന്നു ബഷീറിന്റെ പ്രസംഗം.

അതേസമയം, പി.കെ ബഷീറിന്റെ വംശീയാധിക്ഷേപത്തിന് മറുപടിയുമായി മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാന്‍ എന്നായിരുന്നു ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.