സാമ്പത്തിക പ്രതിസന്ധി: ചൈനയില്‍ നിന്ന് കോടികള്‍ വായ്പയെടുക്കാനൊരുങ്ങി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ചൈനീസ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 2.3 ബില്യണ്‍ യുഎസ് ഡോളര്‍ വായ്പയെടുക്കാനൊരുങ്ങി പാകിസ്ഥാന്‍. വായ്പ സംബന്ധിച്ച കരാറില്‍ നേരത്തേ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു. വായ്പ ലഭിക്കുന്നതോടെ പാകിസ്ഥാന്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാനാവുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വായ്പ നല്‍കാന്‍ തയ്യാറായതില്‍ ചൈനയ്ക്ക് പാകിസ്ഥാന്‍ നന്ദിയും അറിയിച്ചിട്ടുണ്ട്.

അതേസമയം, വന്‍ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. അധികാരത്തിലിരുന്നപ്പോള്‍ ഇമ്രാന്‍ ഖാന്‍ പിന്തുടര്‍ന്ന തെറ്റായ സാമ്ബത്തിക നയങ്ങളാണ് രാജ്യത്തെ ഈ അവസ്ഥയിലെത്തിച്ചതെന്നാണ് ആക്ഷേപം. എന്നാല്‍, ചൈനയില്‍ നിന്ന് വായ്പ സ്വീകരിച്ചതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. സ്‌നേഹം നടിച്ച് ആശ്ലേഷിച്ചശേഷം രക്തം ഊറ്റിക്കുടിച്ച് കൊല്ലുന്നതാണ് ചൈനയുടെ രീതിയെന്നും ശ്രീലങ്കയുടെ അനുഭവം ഇതിന് ഉത്തമ ഉദാഹരണമാണെന്നും വിലയിരുത്തുന്നു. കടമെടുത്ത് കടം വീട്ടുന്ന രീതി രാജ്യത്തെ കൂടുതല്‍ ആപത്തിലേക്ക് എത്തിക്കുമെന്നാണ് ചൈനീസ് വായ്പയെ എതിര്‍ക്കുന്നവര്‍ വിശദീകരിക്കുന്നത്.