തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു. കള്ളമൊഴികളും വ്യാജ റിപ്പോർട്ടും തയ്യാറാക്കി വിമാനത്തിലെ പ്രതിഷേധത്തെ ഭീകരപ്രവർത്തനമായി ചിത്രീകരിച്ച സിപിഎമ്മിന്റെയും സർക്കാരിന്റെയും കപടവാദങ്ങളാണ് ഇതോടെ പൊളിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
കള്ളക്കേസ് എടുത്ത് യുവാക്കളെ ജയിലിലടക്കാനുള്ള സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണിത്. കന്റോൺമെന്റ് ഹൗസ് അക്രമിച്ച് പ്രതിപക്ഷനേതാവിനെ വകവരുത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ച പോലീസാണ് വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കള്ളക്കേസുമായി മുന്നോട്ട് പോകുന്നത്. സമാന വിഷയങ്ങളിലെ പോലീസിന്റ ഇരട്ടനീതി വിചിത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവർത്തകരെ മദ്യപാനികളാക്കി ചിത്രീകരിച്ച് അപമാനിച്ച എൽഡിഎഫ് കൺവീനറും സിപിഎമ്മും ആ ആരോപണം വൈദ്യപരിശോധനയിൽ കള്ളമാണെന്ന് തെളിഞ്ഞിട്ടും ഇതുവരെ പരസ്യമായി മാപ്പുപറയാൻ തയ്യാറായില്ലെന്നത് പരിഹാസ്യമാണ്. മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായതെന്നാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുട്ടികളെ മർദ്ദിച്ച ഇപി ജയരാജനും പറഞ്ഞത്. എന്നാൽ വധശ്രമക്കേസ് നിലനിൽക്കില്ലെന്ന ബോധ്യം ഇരുവർക്കും വന്നപ്പോൾ മൊഴി മാറ്റിപ്പറയുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻമാർ കള്ളമൊഴി നൽകുകയും ചെയ്തു. നിരപരാധികളായ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ രാഷ്ട്രീയ കുടിപ്പകയുടെ പേരിൽ ബലിയാടാക്കി ഇരുട്ടറകളിൽ തള്ളാനായി ഒത്തുകളിച്ച ഇവർക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

