കൊച്ചി: സിസ്റ്റർ അഭയ കൊലക്കേസിൽ സിബിഐയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജോമോൻ പുത്തൻപുരയ്ക്കൽ. കേസിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സിബിഐ സഹായം ചെയ്‌തോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളുടെ അപ്പീലിനെതിരേ സിബിഐ കൗണ്ടർ പോലും ഫയൽചെയ്തില്ലെന്നും കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സിബിഐ. പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണമെന്നായിരുന്നു നിർദ്ദേശം. സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു കോടതി നടപടി.
അതേസമയം, 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് 2021 ഡിസംബർ 23-ന് അഭയ കേസ് പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു. എന്നാൽ, രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ പ്രതികൾ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹർജിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂരിന് ജീവപര്യന്തം ശിക്ഷയും 5 ലക്ഷം രൂപ പിഴയും, കോൺവെന്റിൽ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തവും ഒരു ലക്ഷം പിഴയും, തെളിവ് നശിപ്പിച്ചത് 7 വർഷം തടവും അൻപതിനായിരം പിഴയുമാണ്. മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും കൊലപാതകത്തിന് ജീവപര്യന്തം തടവും 5 ലക്ഷം പിഴയും, തെളിവ് നശിപ്പിക്കലിന് 7വർഷം തടവും അൻപതിനായിരം പിഴയും. പ്രതികൾ ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കണം. എന്നാൽ, കാൻസർ രോഗിയാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കോട്ടൂരും, അവസരോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണെന്നും അതിനാൽ ഇളവ് വേണമെന്ന് സിസ്റ്റർ സെഫിയും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

