തമിഴ്നാട്ടിൽ 100 കോടി വിലമതിക്കുന്ന ടവറുകൾ മോഷണം പോയി; കാണാതായത് 600 ടവറുകൾ

ചെന്നൈ: തമിഴ്നാട്ടിൽ 600 മൊബൈൽ ടവറുകൾ മോഷണം പോയതായി പരാതി. വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച പ്രവർത്തന രഹിതമായ ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 100 കോടി വിലമതിക്കുന്ന ടവറുകളാണ് കാണാതായത്. മുംബൈ ആസ്ഥാനമായുള്ള കമ്പനി ചൊവ്വാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കി പരാതി നൽകിയത്. 2018 ൽ പ്രവർത്തനം നിർത്തിയ എയർസെൽ കമ്പനിയുടെതായിരുന്നു ഈ ടവറുകൾ. പിന്നീട് ഇവ ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഏറ്റെടുക്കുകയായിരുന്നു.

2018 മുതൽ ടവറുകൾ പ്രവർത്തന രഹിതമാണെന്ന് കമ്പനി വ്യക്തമാക്കി. 600 ടവറുകൾ മോഷ്ടിക്കപ്പെട്ടതായി കമ്പനി പരിശോധനയിൽ തെളിഞ്ഞു. ടവറുകളിൽ വൈദ്യുതി ഉറപ്പാക്കാൻ സ്ഥാപിച്ച ജനറേറ്ററുകൾ ഉൾപ്പെടെ അഴിച്ചെടുത്തു കൊണ്ടുപോയിട്ടുണ്ട്. ഓരോ ടവറിനും 25 മുതൽ 40 ലക്ഷം വരെ ചെലവുണ്ടെന്നും മോഷണം വഴി 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനി പരാതി നൽകിയത്.

ഏതാനും ദിവസങ്ങൾക്കു മുൻപ് ടവറുകളുടെയും കണക്കെടുത്തപ്പോഴാണ് മോഷണ വിവരം വ്യക്തമായത്. അധികം ആൾതാമസമില്ലാത്ത പ്രദശങ്ങളുണ്ടായിരുന്ന ടവറുകളാണ് അഴിച്ചെടുത്തു കൊണ്ടു പോയത്. ചില അജ്ഞാത സംഘം കോവിഡ് കാലം മുതലെടുത്താണ് ടവറുകൾ മോഷ്ടിച്ചതെന്നാണ് കമ്പനിയുടെ ആരോപണം. കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.