അനിത പുല്ലയില്‍ ലോകകേരള സഭയില്‍ എത്തിയതെങ്ങനെ? ചീഫ് മാര്‍ഷല്‍ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ കേസുമായി ബന്ധപ്പെട്ട വിവാദ ഇടനിലക്കാരി അനിത പുല്ലയില്‍ ലോകകേരള സഭയില്‍ എങ്ങനെയെത്തി എന്നതു സംബന്ധിച്ച സഭ ചീഫ് മാര്‍ഷല്‍ സ്പീക്കര്‍ എം.ബി രാജേഷിന് റിപ്പോര്‍ട്ട് നല്‍കി. ഉത്തരവാദികള്‍ക്കെതിരായ നടപടി സ്പീക്കര്‍ പ്രഖ്യാപിക്കും.

അതേസമയം, അനിത എത്തിയത് സഭാ ടിവിയുമായി സഹകരിക്കുന്ന വ്യക്തിയിലൂടെയെന്നാണ് വിവരം. സഭാ ടിവിക്ക് സാങ്കേതിക സഹായം നല്‍കുന്ന ബിറ്റ് റേറ്റ് സൊല്യൂഷന്‍സുമായി സഹകരിക്കുന്ന പ്രവീണ്‍ എന്നയാളിനൊപ്പമാണ് അനിത പുല്ലയില്‍ എത്തിയത്. ലോകകേരളസഭയുടെ ഉദ്ഘാടനച്ചടങ്ങ് മുതല്‍ പ്രവീണിനൊപ്പം അനിതയുണ്ടായിരുന്നു. ഇയാള്‍ക്ക് നിയമസഭാ പാസ്സും ലോകകേരളസഭ പാസ്സുമുണ്ടായിരുന്നു. സീരിയല്‍ നിര്‍മാതാവ് കൂടിയാണ് അനിതയ്ക്ക് സഹായം ചെയ്തു കൊടുത്ത പ്രവീണ്‍.

അതേസമയം, അനിത പുല്ലയില്‍ നിയമസഭ സമുച്ചയത്തില്‍ കയറിയതില്‍ പങ്കില്ലെന്ന് നോര്‍ക്ക നേരത്തേ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണ് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍, ഡെലിഗേറ്റുകളുടെ പട്ടിക നോര്‍ക്ക പുറത്തു വിടാത്തതില്‍ ദുരൂഹത തുടരുകയാണ്. പാസ്സ് ധരിക്കാതെയാണ് അനിത പുല്ലയില്‍ രണ്ട് ദിവസവും ഈ വരാന്തയില്‍ ചുറ്റിക്കറങ്ങുകയും പ്രവാസി വ്യവസായികള്‍ക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തത്. പ്രവാസി സംഘടനകള്‍ക്കും മലയാളം മിഷന്‍ വഴി വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഓപ്പണ്‍ ഫോറം പാസ് നല്‍കിയത്.