മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാൻ തയ്യാറെടുത്ത് ഉദ്ധവ് താക്കറെ. വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് ഉദ്ധവ് താക്കറെ രാജിക്ക് മുന്നോടിയായുള്ള കൂടിക്കാഴ്ചയാണിതെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിപദമെന്ന വാഗ്ദാനത്തിന് മുന്നിൽ വീഴില്ലെന്നാണ് ഏക്‌നാഥ് ഷിൻഡെയുടെ നിലപാട്.
എട്ട് മന്ത്രിസ്ഥാനങ്ങൾ, രണ്ട് സഹമന്ത്രിപദവികൾ, രണ്ട് കേന്ദ്രമന്ത്രിപദവി എന്നിവയാണ് ഷിൻഡേയ്ക്ക് മുന്നിൽ ബിജെപി വച്ചിരിക്കുന്ന ഓഫറുകൾ. നിലവിൽ 40 എംഎൽഎമാരെങ്കിലും ഷിൻഡെ ക്യാമ്പിൽ, ഗുവാഹത്തിയിലെ പഞ്ചനക്ഷത്രഹോട്ടലിലുണ്ടെന്നാണ് വിവരം.
രാജിയല്ലാതെ ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ വേറെ വഴികളില്ലെന്നാണ് ഷിൻഡെ പക്ഷം വ്യക്തമാക്കുന്നത്. ശിവസേന എംഎൽഎമാരിൽ മൂന്നിൽ രണ്ട് ഭാഗം എംഎൽഎമാരും തങ്ങൾക്കൊപ്പമാണെന്നും, ചിഹ്നം തങ്ങൾക്കനുവദിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് വിമതരുടെ നീക്കം. അതേസമയം ഗുവാഹത്തിയിലെ ഹോട്ടലിൽ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. അസമിലെ മന്ത്രി അശോക് സിംഘാൽ ഹോട്ടലിലെത്തി എംഎൽഎമാരെ കണ്ടു.