അഭയ കേസ്: ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജാമ്യം

കൊച്ചി: അഭയ കേസ് പ്രതികള്‍ക്ക് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇരുവരും അഞ്ച് ലക്ഷം രൂപ കെട്ടി വെക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍. അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.

അതേസമയം, 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് 2021 ഡിസംബര്‍ 23-ന് അഭയ കേസ് പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു. എന്നാല്‍, രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ പ്രതികള്‍ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹര്‍ജിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂരിന് ജീവപര്യന്തം ശിക്ഷയും 5 ലക്ഷം രൂപ പിഴയും, കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തവും ഒരു ലക്ഷം പിഴയും, തെളിവ് നശിപ്പിച്ചത് 7 വര്‍ഷം തടവും അന്‍പതിനായിരം പിഴയുമാണ്. മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും കൊലപാതകത്തിന് ജീവപര്യന്തം തടവും 5 ലക്ഷം പിഴയും, തെളിവ് നശിപ്പിക്കലിന് 7വര്‍ഷം തടവും അന്‍പതിനായിരം പിഴയും. പ്രതികള്‍ ശിക്ഷകള്‍ ഒരുമിച്ച് അനുഭവിക്കണം. എന്നാല്‍, കാന്‍സര്‍ രോഗിയാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കോട്ടൂരും, അവസരോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണെന്നും അതിനാല്‍ ഇളവ് വേണമെന്ന് സിസ്റ്റര്‍ സെഫിയും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.