ന്യൂഡൽഹി: ഇന്ത്യ അതിവേഗം സാമ്പത്തിക വളർച്ച നേടുന്ന പ്രധാന രാജ്യമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സമ്പദ് വ്യവസ്ഥ ഈ വർഷം 7.5 ശതമാനം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് ബിസിനസ് ഫോറം ഉദ്ഘാടന പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇതുവരെ ലോകം കാണാത്ത തരത്തിലുള്ള പരിവർത്തനമാണ് ഡിജിറ്റൽ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത്. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈനിന് കീഴിൽ 1.5 ട്രില്യൺ ഡോളറിന്റെ നിക്ഷേപ അവസരങ്ങളുണ്ട്. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളെ നേരിടാൻ, ”പരിഷ്‌ക്കരിക്കുക, നടപ്പിലാക്കുക, പരിവർത്തനം ചെയ്യുക” എന്ന മന്ത്രമാണ് ഇന്ത്യ സ്വീകരിച്ചത്. ഈ സമീപനത്തിന്റെ ഫലങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതിക വളർച്ചയാണ് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തിരിച്ചുവരവിനുള്ള പ്രധാന കാരണം. നവീകരണത്തിനുള്ള ലോകത്തിലെ ഏറ്റവും മികച്ച ഇക്കോ സിസ്റ്റമാണ്് ഇന്ത്യയിലുള്ളത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ തന്നെ ഇത് പ്രതിഫലിക്കുന്നുണ്ട്. 70,000-ത്തിലധികം സ്റ്റാർട്ടപ്പുകളിലായി 100-ലധികം യൂണികോണുകൾ ഉണ്ടെന്നും ഇത് പ്രതിദിനം വർദ്ധിക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.