അഭിഷേക് ബച്ചന്‍ സിനിമ പ്രചോദനമായി; ബോര്‍ഡ് പരീക്ഷകളില്‍ വിജയം കൈവരിച്ചത് 12 തടവുകാര്‍

ആഗ്ര: അഭിഷേക് ബച്ചന്റെ സിനിമ പ്രചോദനമായി ആഗ്ര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 12 തടവുകാര്‍ ഉത്തര്‍പ്രദേശ് സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ വിജയിച്ചു. 10, പ്ലസ്ടു പരീക്ഷകളിലാണ് തടവുകാര്‍ വിജയം നേടിയത്.

അഭിഷേക് ബച്ചന്‍ നായകനായി എത്തിയ ‘ദസ്വി’ എന്ന സിനിമയുടെ ചിത്രീകരണം കണ്ടതിന് ശേഷമാണ് പഠിക്കാന്‍ പ്രേരണ ലഭിച്ചതെന്ന് പരീക്ഷ ജയിച്ച തടവുകാരില്‍ ഒരാളായ ജിതേന്ദ്ര സിംഗ് പ്രതികരിച്ചു. ഇത് സന്തോഷത്തിന്റെ നിമിഷമാണ്. ജയിലഴികള്‍ക്കുള്ളില്‍ നിന്ന് ഞങ്ങള്‍ പരീക്ഷ ജയിച്ചത് മറ്റ് തടവുകാരെയും പ്രചോദിപ്പിക്കും’..അദ്ദേഹം പറഞ്ഞു.

‘ദസ്വി’ സിനിമയുടെ ചിത്രീകരണം ആഗ്ര ജയിലിലായിരുന്നു നടന്നത്. തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത സിനിമയില്‍ ജയില്‍ തടവുപുള്ളിയുടെ വേഷത്തിലാണ് അഭിഷേക് ബച്ചന്‍ അഭിനയിച്ചത്. നിരക്ഷരനും അഴിമതിക്കാരനുമായ രാഷ്ട്രീയക്കാനായ കഥാപാത്രം പിന്നീട് വിദ്യാഭ്യാസം നേടുന്നതാണ് ചിത്രം പറയുന്നത്.