നാഷണൽ ഹെറാൾഡ് കേസ്; ചോദ്യം ചെയ്യലിന് ഹാജരാവാൻ സമയം നീട്ടി നൽകാൻ ആവശ്യപ്പെട്ട് സോണിയ ഗാന്ധി

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാവാൻ സമയം നീട്ടി നൽകാൻ ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടാണ് സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്.

കോവിഡ് ബാധിതയായിരുന്ന സോണിയ ഗാന്ധി രണ്ടു ദിവസം മുൻപാണ് ആശുപത്രി വിട്ടത്. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് സോണിയ ഗാന്ധി ചികിത്സയിൽ കഴിഞ്ഞിരുന്നത്. സോണിയ ഗാന്ധിയ്ക്ക് ഡോക്ടർമാർക്ക് വീട്ടിൽ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 12 നാണ് സോണിയ ഗാന്ധിയെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ വെച്ച് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ സോണിയക്ക് ശ്വാസകോശത്തിൽ ഫംഗസ് ബാധ ഉണ്ടായതായി കണ്ടെത്തിയിരുന്നു. അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സോണിയയോട് എൻഫോഴ്സ്മെന്റ് നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

ജൂൺ 8 ന് ഹാജരാകമെന്നായിരുന്നു സോണിയ ഗാന്ധിയോട് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സോണിയ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടിയിരുന്നു.

നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റടെുത്തതിൽ കള്ളപണ ഇടപാട് നടന്നുവെന്നാണ് പരാതിയാണ് എൻഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ. കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്ന് ആരോപിച്ച് സുബ്രഹ്മണ്യ സ്വാമിയാണ് പരാതി നൽകിയത്.