പത്തനംതിട്ട: സംസ്ഥാനത്തെ നാല് സർവകലാശാലകളിലെയും വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്‌ട്രേഷൻ എന്നിവയ്ക്ക് ഈ അധ്യയനവർഷം പ്രവേശനം തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്. വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്‌ട്രേഷനും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കൈമാറാൻ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ സർവകലാശാലയ്ക്ക് യു.ജി.സി. അംഗീകാരം ലഭിക്കാൻ ഇനിയും സമയം എടുക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ, ഒട്ടേറെ വിദ്യാർഥികൾക്കാണ് ഉപരിപഠനം മുടങ്ങാൻ സാധ്യതയുള്ളത്.
കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ റെഗുലർ കോഴ്‌സുകൾക്കൊപ്പം സമാന്തര വിദ്യാഭ്യാസവും നടന്നിരുന്നു. കേരള, എം.ജി., കണ്ണൂർ സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്‌ട്രേഷനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളും ഉണ്ടായിരുന്നു.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ഡിഗ്രിക്ക് 12 കോഴ്‌സുകളും പി.ജി.ക്ക് അഞ്ച് കോഴ്‌സുകളും തുടങ്ങാനാണ് അപേക്ഷ നൽകിയിരിക്കുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിൽ നാല് റീജണൽ സെൻററുകളും ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. 15 സർക്കാർ കോളേജുകളിലായിട്ടാണ് ഈ പഠനകേന്ദ്രങ്ങൾ സജ്ജമാക്കുന്നത്. ജൂലൈ മാസം പകുതിയോടെയെ യുജിസി. പ്രതിനിധികൾ പരിശോധനയ്ക്കായി ഇവിടെ എത്തും. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സെന്ററുകൾക്കും കോഴ്‌സുകൾക്കും അനുമതി ലഭിക്കുന്നത്.

