സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ നാടകത്തിന് പിന്നില്‍ യുഡിഎഫ്-ബിജെപി ഗൂഢാലോചന: കോടിയേരി

തിരുവനന്തപുരം: കേരളത്തിന്റെ വികസനപദ്ധതികള്‍ അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഈ സമരാഭാസത്തിനു മുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള യുഡിഎഫ്-ബിജെപി- എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടിന്റെ നീക്കത്തിനെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

കോടിയേരി പറഞ്ഞത്

‘മണിക്കൂറുകള്‍ ഇടവിട്ട് സ്വപ്ന സുരേഷ് നടത്തുന്ന വെളിപ്പെടുത്തല്‍ നാടകത്തിനു പിന്നില്‍ യുഡിഎഫ്- ബിജെപി ഗൂഢാലോചനയാണ്. സ്വപ്ന കേന്ദ്ര ഏജന്‍സികളുടെ കളിപ്പാവയായി പ്രവര്‍ത്തിക്കുകയാണ്. കേന്ദ്ര ഏജന്‍സികളിലാണ് വിശ്വാസം എന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. ജനങ്ങള്‍ എല്‍ഡിഎഫിന് തുടര്‍ഭരണം നല്‍കിയപ്പോള്‍ സമനില തെറ്റിയവര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരം പാര്‍ത്തിരിക്കുകയാണ്. ഇത്രകാലം അന്വേഷിച്ചിട്ടും സ്വര്‍ണം അയച്ചവരെയോ കൈപ്പറ്റിയവരെയോ കണ്ടെത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു കഴിഞ്ഞില്ല. അന്വേഷണം ബിജെപി ബന്ധമുള്ളവരിലേക്ക് എത്തിയപ്പോള്‍ അട്ടിമറിച്ചു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ദുഷ്പ്രചാരവേലയാണ് നടത്തുന്നത്. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിയെ നേരിടേണ്ടത് കരിങ്കൊടി കൊണ്ടല്ല, കരിങ്കല്ലു കൊണ്ടാണെന്നാണ് യുഡിഎഫ് നേതാവ് പറഞ്ഞത്. എന്നാല്‍, ഈ ഓരോ കരിങ്കല്ലും വാങ്ങി തിരിച്ചെറിയാന്‍ കഴിയുന്ന ജനതയാണ് കേരളത്തിലുള്ളത്. ഭൂരിപക്ഷം ഉള്ളിടത്തോളം എല്‍ഡിഎഫ് കേരളം ഭരിക്കും. സമരത്തെ ഭയന്ന് ഒളിച്ചോടുന്നവരല്ല എല്‍ഡിഎഫ് സര്‍ക്കാര്‍. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തവിധം ഒരു മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തെ അപലപിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ല. അപസര്‍പ്പക കഥകളെ വെല്ലുന്ന കഥകളാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.’