തിരുവനന്തപുരം: കേരളത്തില്‍ 30 ലക്ഷം അഭ്യസ്ഥവിദ്യരായ തൊഴിലില്ലാത്തവരുണ്ടെന്ന് കുടുംബശ്രീ സര്‍വേയില്‍ കണ്ടെത്തിയതോടെ 20 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന് തിരുവനന്തപുരത്ത് പറഞ്ഞു. 5000 പേര്‍ക്ക് സര്‍ക്കാര്‍ കെ-ഡിസ്ക് വഴി ജോലി നല്കി. വീടിന് അടുത്ത് ജോലിയ്ക്ക് അവസരം ഒരുക്കും. ഒരു ലക്ഷം സംരംഭകരെയും കണ്ടെത്തും.ആയിരം പേരില്‍ അഞ്ചു പേര്‍ക്കെന്ന നിലയില്‍ തദ്ദേശസ്ഥാപനങ്ങള്‍ ജോലി നല്‍കും .സംസ്ഥാനത്ത് 64, 006 കുടുംബങ്ങള്‍ അതി ദരിദ്ര വിഭാഗത്തില്‍ പെടുന്നവരാണ്. 5 ലക്ഷം വീടു കൂടി നിര്‍മ്മിച്ചാല്‍ സംസ്ഥാനത്ത് എല്ലാവര്ക്കും വീടാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
‘ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക സര്‍ക്കാര്‍ വെബ്സൈറ്റായ www.life2020.kerala.gov.in ല്‍ ലഭ്യമാണ്. 5,14,381 പേരാണ് കരട് പട്ടികയിലുള്ളത്. പട്ടികയില്‍ പരാതിയുള്ളവര്‍ക്ക് ഗ്രാമ പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളില്‍, നഗരരസഭാ സെക്രട്ടറിക്കും രണ്ട് ഘട്ടമായി അപ്പീല്‍ നല്‍കാം. ഒന്നാം ഘട്ടത്തിന് ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഇതില്‍ പരാതിയുള്ളവര്‍ക്ക് ജൂലൈ എട്ടിനകം ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. രണ്ടാം ഘട്ട അപ്പീലിന് ശേഷമുള്ള പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് അഞ്ചിന് ഗ്രാമസഭകളുടേയും 10ന് തദ്ദേശഭരണസമിതികളുടേയും അംഗീകാരം നേടിയ ശേഷം ആഗസ്റ്റ് 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അപ്പീലുകള്‍ നേരിട്ടും ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ ഹെല്പ് ഡെസ്കുകള്‍ സ്ഥാപിക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എംവി ഗോവിന്ദന് തിരുവനന്തപുരത്ത് അറിയിച്ചു. പൊതുവിഭാഗത്തില്‍ ഭൂമിയുള്ള 2,55,425 പേരും ഭൂരഹിതരായ 1,39,836 പേരുമടക്കം 3,95,261 ഗുണഭോക്താക്കളാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍ ഭൂമിയുള്ള 60,744ഉം ഭൂമിയില്ലാത്ത 43,213ഉം ആയി 1,03,957 ഗുണഭോക്താക്കള്‍. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട 15,163 പേരാണ് പട്ടികയില്‍ ഉള്ളത്. ആകെ സ്വന്തമായി ഭുമിയുള്ള 3,28,041 പേര്‍ക്കും ഭൂമിയില്ലാത്ത 1,86,340 പേര്‍ക്കും വീട് ലഭിക്കും. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുതിയ അപേക്ഷകള്‍ നല്കാന് ഇനി അവസരമില്ല. ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2,95,006 വീടുകളാണ് പൂര്‍ത്തീകരിച്ചത്. അതിന് പുറമെ 34,374 വീടുകളുടേയും 27 കെട്ടിട സമുച്ഛയങ്ങളുടേയും നിര്‍മാണം പുരോഗമിക്കുകയാണ്’- മന്ത്രി കൂട്ടിച്ചേര്‍ത്തു.

