അനുനയശ്രമം പരാജയപ്പെട്ടു; മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സർക്കാർ പിരിച്ചുവിടാൻ സാധ്യത

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം വിഫലമായി. ഇതോടെ, മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സർക്കാർ പിരിച്ചുവിടാൻ നീക്കങ്ങൾ നടക്കുകയാണ്.

മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങൾ നിയമസഭ പിരിച്ചുവിടുന്നതിലേക്കാണ് നീങ്ങുന്നതെന്ന് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവുത്ത് ട്വിറ്ററിലൂടെ അറിയിച്ചു. സഖ്യ സർക്കാർ രാജിവയ്ക്കുമെന്ന സൂചനകൾ ശിവസേന-എൻസിപി-കോൺഗ്രസ് നേതാക്കളും നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചിരിക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നിർണായക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന എംഎൽഎമാർ ഗുജറാത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താവളമടിച്ചതോടെയാണ് വിമതരുടെ കലാപം പരസ്യമായത്. പ്രതിസന്ധി പരിഹരിക്കാൻ മഹാവികാസ് അഘാഡി നേതാക്കളുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇത് വിജയം കണ്ടില്ല.