പാസ്വേഡ് ചോര്‍ത്തുന്നു; ഈ ആപ്പിനെ സൂക്ഷിക്കുക

സാന്‍ഫ്രാന്‍സിസ്‌കോ: ജനപ്രിയ ആപ്പ് നിരോധിച്ച് ഗൂഗിള്‍ പ്ലേസ്റ്റോര്‍. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പിപ് പിക് ക്യാമറ ഫോട്ടോ എഡിറ്റര്‍ എന്ന ആപ്പാണ് ഗൂഗിള്‍ പ്ലേസ്റ്റോര്‍ നിരോധിച്ചത്. ഈ ആപ്പില്‍ ഒരു മാല്‍വെയര്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ യൂസര്‍നെയിം, പാസ്വേഡ് ഉള്‍പ്പെടെയുള്ള ഫേസ്ബുക്ക് വിവരങ്ങള്‍ മോഷ്ടിക്കാന്‍ കഴിവുള്ള മാല്‍വെയറാണ് ഇത്.

അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാനും വ്യക്തിഗത ഡാറ്റ മോഷ്ടിക്കാനും കോണ്‍ടാക്റ്റുകളിലേക്ക് സ്‌കാം സന്ദേശങ്ങള്‍ അയക്കാനും ഇത് ഹാക്കര്‍മാരെ അനുവദിച്ചേക്കാം എന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പുതിയ സുരക്ഷ മുന്നറിയിപ്പില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളോട് ഈ ആപ്പ് ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ ഗൂഗിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഒപ്പം ഫേസ്ബുക്ക് പാസ്വേര്‍ഡ് ഉടന്‍ മാറ്റാനും നിര്‍ദേശം ഉണ്ട്. പിപ് പിക് ക്യാമറ ഫോട്ടോ എഡിറ്റര്‍ ഇതിനകം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ദശലക്ഷക്കണക്കിന് ആളുകളുണ്ടെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ഡോ. വെബിലെ ടീം ആണ് ഈ ആപ്പിന്റെ ഭീഷണി ആദ്യം കണ്ടെത്തിയത്.

ഇവരുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, അനാവശ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ബാറ്ററി ലൈഫ് നശിപ്പിക്കാനും ഫോണില്‍ തന്നെ അനധികൃത മാറ്റങ്ങള്‍ വരുത്താനും കഴിയുന്ന മാല്‍വെയര്‍ ഉള്‍പ്പെടുന്ന നാല് ആപ്ലിക്കേഷനുകള്‍ കൂടി ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. മാഗ്നിഫയര്‍ ഫ്‌ലാഷ്‌ലൈറ്റ്, ആനിമല്‍ വാള്‍പേപ്പര്‍, സോഡിഹോറോസ്‌കോപ്പ് മുതലായ ആപ്പുകളും സുരക്ഷിതമല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.