കവരത്തി: വിദ്യാർത്ഥി സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ലക്ഷദ്വീപ്. പഠനം മുടക്കി സമരം ചെയ്യരുതെന്ന് വ്യക്തമാക്കി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘം ചേരുന്നതിനും സമരാഹ്വാനം നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപിൽ കഴിഞ്ഞ ദിവസങ്ങളിൽ ചില വിദ്യാർത്ഥി സമരങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
സമരങ്ങൾ വിലക്കുന്നത് വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കാനാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സമരങ്ങൾ തടയാനുള്ള നിർദ്ദേശങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാർക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ പാഠ്യപ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന വിധത്തിലുള്ള യാതൊരു പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന് വിധി കൂടി ചൂണ്ടിക്കാട്ടിക്കൊണ്ട് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. രാജു കുരുവിള നൽകിയ കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സൂചിപ്പിച്ചാണ് ഉത്തരവ് നൽകിയിട്ടുള്ളത്.

