കോടതിയുടെ കസ്റ്റഡിയിലിരിക്കെ തന്റെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരെന്ന് അറിയണമെന്ന് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡില്‍ നിന്നും തന്റെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് അതിജീവിത കോടതിയില്‍. ‘കോടതിയിലെ മെമ്മറി കാര്‍ഡിലുള്ളത് എന്റെ ദൃശ്യമാണ്. അത് പുറത്ത് പോയാല്‍ എന്റെ ഭാവിയെ ബാധിക്കും. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം വേണം’- അവര്‍ ആവശ്യപ്പെട്ടു.

അതേസമയം, ദൃശ്യങ്ങള്‍ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയില്‍ വ്യക്തമാക്കി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് കോടതി ചോദിച്ചു. പക്ഷേ, അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോര്‍ന്നുവെന്നതിന്റെ കൂടുതല്‍ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു 2018 ഡിസംബര്‍ 13 ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കൈവശമായിരുന്നപ്പോഴാണ് മാറിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്. വിചാരണ കോടതിയിലെ നിര്‍ണായക രേഖകള്‍ നേരത്തെ ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.