ബിഹാറിൽ മിന്നലേറ്റ് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

rain

പട്‌ന: ബിഹാറിൽ മിന്നലേറ്റ് 17 മരണം. എട്ട് ജില്ലകളിലായാണ് 17 പേർ മരിച്ചത്. അതേസമയം, ഒഡിഷയിലും ഇടിമിന്നലേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടിമിന്നലേറ്റ് ഒഡിഷയിൽ നാലുപേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

ശനിയാഴ്ച രാത്രി മുതൽ കനത്ത മഴയാണ് ബിഹാറിൽ അനുഭവപ്പെടുന്നത്. വലിയ നാശനഷ്ടവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴയിലും കാറ്റിലും ബിഹാറിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും വൈദ്യുതിബന്ധം തടസ്സപ്പെട്ടു.

മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. ദുരന്തത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.സഹായധനം എത്രയും വേഗം കൈമാറണമെന്നാണ് ബിഹാർ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.