മഴ; പരമ്പര പങ്കുവെച്ച് ഇന്ത്യയും ദക്ഷിണാഫ്രിക്കയും

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പര സമനിലയില്‍. അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് പരമ്പര 2-2 എന്ന നിലയില്‍ സമനില ആയത്. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് 3.3 ഓവര്‍ പിന്നിട്ടപ്പോള്‍ മഴ പെയ്തതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. കളി തടസപ്പെടുമ്പോള്‍ ഇന്ത്യക്ക് 28 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍ (15), ഋതുരാജ് ഗെയ്ക്വാദ് (10) എന്നിവരാണ് പുറത്തായത്. ലുങ്കി എങ്കിഡി രണ്ട് വിക്കറ്റും വീഴ്ത്തി.

കേശവ് മഹാരാജ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ തുടരെ രണ്ട് സിക്‌സറുകള്‍ നേടി ആരംഭിച്ച കിഷന് ഏറെ ആയുസുണ്ടായില്ല. രണ്ടാം ഓവറിലെ അവസാന പന്തില്‍ എങ്കിഡിയുടെ സ്ലോ ബോള്‍ യുവതാരത്തിന്റെ കുറ്റി പിഴുതു. ടൈമിങ് കണ്ടെത്താന്‍ വിഷമിച്ച ഋതുരാജ് നാലാം ഓവറിലെ രണ്ടാം പന്തില്‍ പ്രിട്ടോറിയസിന്റെ കൈകളില്‍ അവസാനിച്ചു. ഋതുരാജും സ്ലോ ബോളിനു മുന്നിലാണ് വീണത്.