ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്‌ഐ. പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ സംഘർഷം ഉണ്ടായി. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീം ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി.
പ്രതിഷേധം നടത്തിയ എഎ റഹീം അടക്കമുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ചു. നിരവധി വനിതാ പ്രവർത്തകരും പ്രതിഷേധ സമരത്തിൽ പങ്കെടുത്തിരുന്നു. ജനാധിപത്യരീതിയിൽ സമരം ചെയ്ത പ്രവർത്തകരെയാണ് പോലീസ് ഒരു കാരണവുമില്ലാതെ ആക്രമിച്ചതെന്ന് എ എ. റഹീം ആരോപിച്ചു.
ഗുണ്ടായിസമാണ് നടന്നത്. എംപിയാണെന്ന് അറിഞ്ഞിട്ടും തന്നെ ആക്രമിച്ചെന്നും അഗ്നിപഥ് പദ്ധതി പിൻവലിക്കും വരെ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

