നൂപുർ ശർമയെ കാണാനില്ല; ഒളിവിലാണെന്ന് പോലീസ്

ന്യൂഡൽഹി: പ്രവാചക നിന്ദ പരാമർശത്തിൽ വിവാദത്തിൽപ്പെട്ട നൂപുർ ശർമയെ കാണാനില്ലെന്ന് പോലീസ്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാനായി ഡൽഹിയിലെത്തിയ മുംബൈ പോലീസിന് കഴിഞ്ഞ അഞ്ചു ദിവസമായിട്ടും നൂപുറിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ഒരു സ്വകാര്യ ടെലവിഷൻ ചാനൽ ചർച്ചക്കിടെ നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങൾ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന അറബ് രാജ്യങ്ങളിൽ നിന്ന് നയതന്ത്ര പ്രതിഷേധങ്ങൾക്ക് പരാമർശം കാരണമായി. കുവൈത്ത്, ഖത്തർ, സൗദി, അമേരിക്ക തുടങ്ങി പതിനഞ്ചോളം രാജ്യങ്ങൾ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് നൂപുർ ശർമ്മയെ ബിജെപി സസ്‌പെൻഡ് ചെയ്തു.

കേസിൽ നൂപുറിനെ അറസ്റ്റ് ചെയ്യാൻ മതിയായ തെളിവുകൾ കൈവശമുണ്ടെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം. ജൂൺ 20 ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത പോലീസ് നൂപുറിന് നോട്ടീസ് അയച്ചിട്ടുണ്ട്.