അഗ്നിപഥ് പദ്ധതി നിർത്തിവെക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യൻ സേനയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്താൻ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ‘അഗ്നിപഥ്’ പദ്ധതി നിർത്തിവെക്കാനാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാലു കൊല്ലത്തേക്കുള്ള ഈ കരാർ നിയമന പദ്ധതിക്കെതിരെ യുവജനങ്ങളുടെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷാ വിദഗ്ധരും സേനയിൽ നിന്ന് വിരമിച്ച പ്രമുഖരും പദ്ധതിയുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുകയുമുണ്ടായി. ഈ വിമർശനങ്ങളെയും ഉയരുന്ന യുവജനരോഷത്തെയും കണക്കിലെടുത്ത് ‘അഗ്നിപഥ്’ പദ്ധതി നിർത്തിവെക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അതേസമയം, യുവജന വിരുദ്ധവും രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുമാകുന്ന അഗ്‌നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭ എംപി എ എ റഹീം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചു. സായുധസേനയുടെ കരാറുവത്ക്കരണമാണ് അഗ്നിപഥ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു.

17 മുതൽ 21 വയസു വരെയുള്ള ചെറുപ്പക്കാരെ വെറും 4 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കാനാണ് വിജ്ഞാപനമിറക്കിയിട്ടുള്ളത്. യുവാക്കളുടെ സ്ഥിരം തൊഴിൽ എന്ന സ്വപ്നത്തിന് കൂച്ചുവിലങ്ങിടുകയാണ് കേന്ദ്ര സർക്കാർ ഇതുവഴി ചെയ്യുന്നത്. വർഷങ്ങളായുള്ള അനുഭവങ്ങളിലൂടെയുള്ള ഇന്ത്യൻ സേനയുടെ പോരാട്ടവീര്യത്തെ അഗ്നിപഥ് ലഘൂകരിക്കും. രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.