ഗുവാഹത്തി: അസമിലും മേഘാലയയിലും വെള്ളപ്പൊക്കം. കനത്ത മഴയെ തുടർന്നാണ് സംസ്ഥാനങ്ങളെ പ്രളയ സമാനമായ സാഹചര്യമുണ്ടായത്. നിരവധി മരണങ്ങളും ഇരുസംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അസമിൽ പതിനേഴ് പേരും മേഘാലയയിൽ പത്തൊമ്പത് പേരും മരണപ്പെട്ടെന്നാണ് വിവരം.
അതേസമയം, മഴക്കെടുതിയിൽപ്പെട്ട സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ ശർമ്മയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. 19 ലക്ഷം പേർ അസമിൽ ദുരിതബാധിതരായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു ലക്ഷം പേർ നിലവിൽ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുകയാണ്. 28 ജില്ലകളിലായി 300 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. അസമിൽ വെള്ളപ്പൊക്കത്തിൽ പെട്ടവരെ രക്ഷിച്ചു കൊണ്ടുവരികയായിരുന്ന ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികളെ കാണാതാകുകയും ചെയ്തു. ബോട്ടിൽ ഉണ്ടായിരുന്ന ബാക്കി 21 പേരെ രക്ഷപ്പെടുത്തിയെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അസമിലെ ഹോജായ്, ബക്സ, നൽബാരി, ബാർപേട്ട, ദരാംഗ്, താമുൽപൂർ, കാംരൂപ് റൂറൽ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ സൈന്യം രക്ഷാപ്രവർത്തനം നടത്തുകയാണ്. ഒറ്റപ്പെട്ടുപോയ മൂവായിരത്തോളം പേരെ സൈന്യം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.

