ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതി സ്ഥാനാർത്ഥി ഫറൂഖ് അബ്ദുള്ളയും പിന്മാറി. ജമ്മു കശ്മീരിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തന്റെ പ്രവർത്തനം ഇവിടുത്തെ ജനങ്ങൾക്ക് ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം പിന്മാറിയത്.
രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാനത്ത് ഇരിക്കുക എന്നത് അഭിമാനകരമായ കാര്യമാണെങ്കിലും ജമ്മു കാശ്മീർ ഏറ്റവും നിർണായകമായ ഘട്ടത്തിൽ കൂടി കടന്നുപോകുന്ന ഈ സാഹചര്യത്തിൽ തന്റെ സാന്നിദ്ധ്യം ഇവിടെ ആവശ്യമാണെന്ന് ഫറൂഖ് അബ്ദുള്ള അറിയിച്ചു. മുതിർന്നവരോടും സഹപ്രവർത്തകരോടും കൂടിയാലോചിച്ച ശേഷമാണ് താൻ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ശരത് പവാറിനെയായിരുന്നു പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാർത്ഥിയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ, അദ്ദേഹം ഈ നീക്കത്തിൽ നിന്നും പിന്മാറി. ശരത് പവാറിന് പിന്നാലെ ഫറൂഖ് അബ്ദുള്ളയും പിന്മാറിയതോടെ ഇനി ആരെയാകും പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാർത്ഥിയായി നിർത്തുക എന്ന ആകാംക്ഷയിലാണ് രാജ്യത്തെ ജനങ്ങൾ.

