ലോകം കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയെ നേരിടാനിടയുണ്ട്; മുന്നറിയിപ്പുമായി യു എൻ സെക്രട്ടറി ജനറൽ

ന്യൂഡൽഹി: ലോകം കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയെ നേരിടാനിരിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 2022 ലെ ലോക മാനസികാരോഗ്യ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരിൽ കുട്ടികളുടേയും യുവാക്കളുടേയും എണ്ണം വളരെ കൂടുതലാണെന്നും അദ്ദേഹം അറിയിച്ചു.

ലോകത്തിലെ ഒരു ബില്യണോളം വരുന്ന ആളുകൾ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മാനസിക പ്രശ്നങ്ങളുള്ളവരിൽ വലിയൊരു ശതമാനത്തിനും വേണ്ട ചികിത്സയോ സഹായമോ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനസിക ബുദ്ധിമുട്ടുകൾക്കുള്ള ചികിത്സ പലർക്കും അപ്രാപ്യമോ താങ്ങാൻ കഴിയാത്തതോ ആണ്. ഇത് വരുംനാളുകളിൽ ഗുരുതരമായ മാനസിക പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മാനസികമായി വെല്ലുവിളികൾ നേരിടുന്നവർ പലവിധ ചൂഷണങ്ങൾക്ക് എളുപ്പത്തിൽ ഇരകളാകുന്നുണ്ട്. പലരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ പുറത്താകേണ്ടി വന്നേക്കാം. സാമ്പത്തിക രംഗത്തും ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. കോവിഡ് മഹാമാരി മാനസിക പ്രശ്നങ്ങൾ കൂടാൻ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.