ഇലോൺ മസ്‌കിന് ഇന്ത്യയിലേക്ക് വരുന്നതിന് യാതൊരു തടസ്സവുമില്ല; പ്രത്യേകമായ ഇളവുകൾ നൽകില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇലോൺ മസ്‌കിനും അദ്ദേഹത്തിന്റെ ടെസ്ല കമ്പനിക്കും ഇന്ത്യയിലേക്ക് വരുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ. പക്ഷെ, കേന്ദ്ര സർക്കാരിന്റെ ആത്മ നിർഭർ ഭാരത് നിലപാടിൽ ടെസ്ല കമ്പനിക്കുവേണ്ടി പ്രത്യേകമായ ഇളവുകൾ നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആത്മ നിർഭർ ഭാരത് പദ്ധതിയുമായി മോദി സർക്കാർ മുന്നോട്ടു പോവുകയാണ്, പദ്ധതിക്ക് മികച്ച പിന്തുണ എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്നുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ആർക്കെങ്കിലും ഒരാൾക്ക് വേണ്ടി മാത്രമായി നയങ്ങൾ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ കാറുകൾ ഇറക്കുമതി ചെയ്യുകയും അവയുടെ ഇറക്കുമതി തീരുവ കുറയ്ക്കുകയും അതിലൂടെ വില്പനയ്ക്ക് അവസരമൊരുക്കുകയും ചെയ്താലല്ലാതെ ഇന്ത്യയിൽ കാർ നിർമ്മാണം തുടങ്ങില്ല എന്നാണ് ഇലോൺ മസ്‌കിന്റെ നിലപാട്. നിലവിൽ പൂർണമായും വിദേശത്ത് നിർമ്മിച്ച കാറുകൾക്ക് രാജ്യത്ത് ഉയർന്ന ഇറക്കുമതി തീരുവയാണ് ചുമത്തുന്നത്. 40000 അമേരിക്കൻ ഡോളറിനു മുകളിൽ മൂല്യമുള്ള കാറുകൾക്ക് 100% ആണ് ഇന്ത്യയിലെ ഇറക്കുമതി തീരുവ. 40,000 അമേരിക്കൻ ഡോളറിൽ കുറവ് മൂല്യമുള്ള കാറുകൾക്ക് ഇന്ത്യ 60% ഇറക്കുമതി തീരുകയും ആണ് ചുമത്തുന്നത്.