ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി ഉണ്ടാകുന്ന പ്രതിഷേധങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. പ്രതിഷേധ പ്രകടനങ്ങൾക്കിടെ രാജ്യത്തെ പൊതുമുതൽ നശിപ്പിച്ചതടക്കം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. റിട്ട. സുപ്രീം കോടതി ജഡ്ജി പദ്ധതിയെ കുറിച്ചും, പദ്ധതി ദേശസുരക്ഷയെയും പ്രതിരോധ സേനയെയും എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ചും പരിശോധിക്കണമെന്നാും ഹർജിയിൽ ആവശ്യപ്പെടുന്നു.
രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് അഗ്നിപഥ് പദ്ധതിക്കെതിരെ ഉയരുന്നത്. ഹരിയാന, പഞ്ചാബ് , യുപി ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർ ട്രെയിനുകൾ അഗ്നിക്കിരയാക്കി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പലയിടത്തും ട്രെയിനുകൾ സർവ്വീസ് നടത്തുന്നില്ല.
അതേസമയം, പദ്ധതിക്കെതിരെ തമിഴ്‌നാട്ടിലെ ചെന്നൈയിൽ യുവാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. രാവിലെ മറീന ബീച്ചിന് സമീപമുള്ള യുദ്ധസമാരകത്തിന് മുമ്പിലായിരുന്നു നൂറിലധികം യുവാക്കൾ പ്രതിഷേധവുമായി എത്തിയത്. കാഞ്ചീപുരം, കോയമ്പത്തൂർ, തിരുവണ്ണാമലൈഎന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

