കല്ലേറ്, ജലപീരങ്കി, ഗ്രനേഡ്, ടിയര്‍ഗ്യാസ്‌; യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ്‌ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിന് നേരെ കല്ലേറ്. സെക്രട്ടറിയേറ്റിനുള്ളിലേക്ക് കുപ്പിയേറുമുണ്ടായി. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രതിഷേധക്കാര്‍ മാര്‍ച്ചിനിടെ പോലീസിന്റെ ബാരിക്കേഡ് തള്ളി മാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. നോര്‍ത്ത് ഗേറ്റിനോടു ചേര്‍ന്ന വശത്തുകൂടി സെക്രട്ടേറിയറ്റിന് അകത്തു കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സാധാരണയിലും അധികം ഫോഴ്‌സിലാണ് ജലപീരങ്കി പ്രയോഗിച്ചത്. . എന്നിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. മാര്‍ച്ചിനെ തുടര്‍ന്ന് പാളയം മുതല്‍ പുളിമൂട് വരെ രണ്ട് വശങ്ങളിലും പോലീസ് വലയമുണ്ടായിരുന്നു. മുന്നൂറോളം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

അതേസമയം, പ്രകോപനമുണ്ടാക്കിയത് പോലീസാണെന്നും മനഃപൂര്‍വ്വം നടപടിയെടുക്കുകയായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ കുറ്റപ്പെടുത്തി. പിരിഞ്ഞു പോകുന്ന പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഒരു പോലീസുകാരന് പോലും പരിക്കേറ്റിട്ടില്ല. പിരിഞ്ഞ് പോകാന്‍ നേതാക്കള്‍ നിര്‍ദ്ദേശം നല്‍കുന്നതിനിടെയാണ് ഗ്രനേഡ് പ്രയോഗം ഉണ്ടായത്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വേണമെങ്കില്‍ അറസ്റ്റ് ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.