തെളിവ് ഹാജരാക്കാന്‍ സ്വപ്നക്ക് കഴിഞ്ഞില്ല; സത്യമുണ്ടെങ്കില്‍ കൂടെ നില്‍ക്കുമെന്നും സരിത

കൊച്ചി: സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ കൂടെ നില്‍ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സരിത എസ്. നായര്‍. സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് മൂന്നാമതൊരു കക്ഷിക്ക് നല്‍കാനാകില്ലെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. പകര്‍പ്പിന് വേണ്ടി ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നും സരിത പറഞ്ഞു.

‘മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നാണ് ജയിലില്‍ വച്ച് സ്വപ്ന എന്നോട് പറഞ്ഞത്. ആരോപണങ്ങളൊന്നും തെളിയിക്കാനുള്ള തെളിവ് ഹാജരാക്കാന്‍ സ്വപ്നക്ക് കഴിഞ്ഞിട്ടില്ല. രാജ്യാന്തര ശാഖകളുള്ള ജ്വല്ലറി ഗ്രൂപ്പിനായാണ് സ്വപ്ന സ്വര്‍ണം കടത്തിയത്. അതിന്റെ തെളിവുകള്‍ കയ്യിലുണ്ട്. ഇരുപത്തിമൂന്നിന് കോടതിയില്‍ നല്‍കുന്ന രഹസ്യ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കും’- സരിത വ്യക്തമാക്കി.

അതേസമയം, സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന സരിതയുടെ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ ഗൂഢാലോചനാ കേസില്‍ സരിത എസ് നായരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. കേസില്‍ മുഖ്യമന്ത്രിക്കെതിരെ പറയാന്‍ പിസി ജോര്‍ജ്ജ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്നയും പിസി ജോര്‍ജ്ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നാണ് സരിത പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.