കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പം ഹെലികോപ്ടർ യാത്ര; പദ്ധതിയുമായി ടൂറിസം വകുപ്പ്

തിരുവനന്തപുരം: ഹെലികോപ്ടർ ടൂറിസം വീണ്ടും ആരംഭിക്കാൻ കേരളം. ഓണക്കാലത്ത് തലസ്ഥാനത്തും അറബിക്കടലിന് മുകളിലും ഹെലികോപ്റ്ററിൽ ചുറ്റിയടിക്കാം. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ഹെലികോപ്ടർ ടൂറിസം ആരംഭിക്കുന്നത്. ടൂറിസം സീസണിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന ഹെലികോപ്ടർ ടൂറിസം സെപ്തംബർ മുതൽ ആരംഭിക്കും.

ടൂറിസം പ്രമോഷന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) പ്രമുഖ സ്വകാര്യ ഹെലികോപ്റ്റർ ടൂർ ഓപ്പറേറ്ററിംഗ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ടൂറിസം രംഗത്ത് നടപ്പാക്കുന്ന നൂതന ആശയങ്ങളുടെ ഭാഗമായാണ് കഴിഞ്ഞവർഷം ഹെലികോപ്റ്റർ ടൂറിസം പദ്ധതി നടപ്പാക്കിയത്.

പെലികോപ്ടർ ടൂറിസം പദ്ധതിയിലൂടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളുമായോ ഒന്നിച്ച് കുറഞ്ഞ ചെലവിൽ ഹെലികോപ്റ്റർ ചാർട്ടർ ചെയ്യാം. ഹെലികോപ്റ്റർ ടൂറിസത്തിന് വലിയ സാദ്ധ്യതയാണുള്ളതെന്നും വിദേശരാജ്യങ്ങളിൽ വലിയ പണച്ചെലവുള്ള ഹെലികോപ്റ്റർ യാത്രയാണ് വളരെ കുറഞ്ഞ ചെലവിൽ അവതരിപ്പിക്കുന്നതെന്നും ഡി.ടി.പി.സി അറിയിച്ചു.

ജനപങ്കാളിത്തം കണക്കിലെടുത്ത് ഹെലികോപ്റ്റർ ടൂറിസം പദ്ധതിയിലൂടെ സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നിനെ കുറിച്ചും അധികൃതർ പദ്ധതിയിടുന്നുണ്ട്. ഒരേ സമയം ആറു പേർക്ക് ഹെലികോപ്ടറിലൂടെ യാത്ര ചെയ്യാം. ഒരാൾക്ക് 4500 രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ നിരക്ക്. ഈ വർഷം നിരക്കിൽ ആനുപാതികമായ ചെറിയ വർദ്ധനയുണ്ടായേക്കുമെന്നാണ് വിവരം.