സർക്കാർ ജീവനക്കാർ ഔദ്യോഗികാവശ്യത്തിന് ഗൂഗിൾ ഡ്രൈവും വിപിഎൻ സേവനങ്ങളും ഉപയോഗിക്കരുത്; ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ

ന്യൂഡൽഹി: ഗൂഗിൾ ഡ്രൈവ്, ഡ്രോപ്പ് ബോക്സ് പോലുള്ള സർക്കാർ ഇതര ക്ലൗഡ് സേവനങ്ങളും വിർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് (വിപിഎൻ) സേവനങ്ങളായ നോർഡ് വിപിഎൻ, എക്സ്പ്രെസ് വിപിഎൻ തുടങ്ങിയവയും ഔദ്യോഗികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കി കേന്ദ്രസർക്കാർ. നാഷണൽ ഇന്റഫോ മാറ്റിക്സ് സെന്ററാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും സർക്കാർ ജീവനക്കാർക്കും ഉത്തരവ് കൈമാറും. സേവനദാതാക്കളോടും ഡാറ്റാ സെന്റർ കമ്പനികളോടും അവരുടെ യൂസർ ഡാറ്റ അഞ്ച് വർഷത്തോളം സൂക്ഷിക്കാൻ നിർദേശം വിപിഎൻ നൽകിയതിന് പിന്നാലെയാണ് സർക്കാർ ജീവനക്കാർക്ക് പുതിയ നിർദേശം നൽകിയിരിക്കുന്നത്.

ജനപ്രിയ ക്ലൗഡ് സേവനങ്ങൾ ഉപയോഗിക്കുന്നതിനും മറ്റും നോർഡ് വിപിഎൻ, എക്സ്പ്രസ് വിപിഎൻ പോലുള്ള സേവനങ്ങളും ടോർ പോലുള്ള സേവനങ്ങളും മറ്റും ഉപയോഗിക്കരുതെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ടീം വ്യൂവർ, എനി ഡെസ്‌ക്, അമ്മി അഡ്മിൻ തുടങ്ങിയവ പോലെ അകലെനിന്ന് കംപ്യൂട്ടർ നിയന്ത്രിക്കാൻ സാധിക്കുന്ന സംവിധാനങ്ങളും ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം.

സർക്കാരിനെ ലക്ഷ്യമിട്ടുള്ള ഭീഷണികളും സൈബറാക്രമണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു ഉത്തരവ് നൽകിയത്. ഒരു തരത്തിലുമുള്ള സർക്കാർ വിവരങ്ങളും ഫയലുകളും ഗൂഗിൾ ഡ്രൈവ്, ഡ്രോപ്പ് ബോക്സ് പോലുള്ള സർക്കാരിന്റേതല്ലാത്ത ക്ലൗഡ് സേവനങ്ങളിൽ അപ്‌ലോഡ് ചെയ്യരുതെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. സർക്കാർ ഫയലുകളുടെ വലിപ്പം കുറയ്ക്കുന്നതിനും കംപ്രസ് ചെയ്യുന്നതിനും കൺവേർട്ട് ചെയ്യുന്നതിനും പുറത്തുള്ള വെബ്സൈറ്റുകളും ക്ലൗഡ് അധിഷ്ഠിത സേവനങ്ങളും ഉപയോഗിക്കരുത്. സർക്കാർ രേഖകൾ സ്‌കാൻ ചെയ്യാൻ കാം സ്‌കാനർ പോലുള്ള സ്മാർട്ഫോണുകളിലെ സ്‌കാനർ ആപ്പുകളും ഉപയോഗിക്കരുത്. 2020-ൽ കാം സ്‌കാനറിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വന്തം ഫോണുകളുടെ സോഫ്റ്റ് വെയറിൽ മാറ്റം വരുത്തുംവിധം ‘റൂട്ട്’ ചെയ്യരുതെന്നും ‘ജയിൽ ബ്രേക്ക്’ ചെയ്യരുതെന്നും സർക്കാർ നിർദ്ദേശം നൽകി. സർക്കാർ ജീവനക്കാർ സങ്കീർണമായ പാസ്‌വേഡുകൾ ഉപയോഗിക്കണം. 45 ദിവസം കൂടുമ്പോൾ പാസ്‌വേഡുകൾ മാറ്റണം. ഓപ്പറേറ്റിങ് സിസ്റ്റവും ബയോസ് ഫെം വെയറും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.