പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദിക്ക് ഇന്ന് നൂറാം പിറന്നാള്‍. അമ്മയുടെ അസാധാരണ ജീവിതം മുഴുവന്‍ ലാളിത്യം നിറഞ്ഞു നില്ക്കുന്നു എന്ന് പിറന്നാളിലെഴുതിയ കുറിപ്പില്‍ പ്രധാനമന്ത്രി അടിവരയിടുന്നു.
‘പ്രാരാബ്ദങ്ങളോട് ആയുസിന്റെ പകുതിയോളം കാലം ഒറ്റയ്ക്ക് പോരാടിയിട്ടും മകന്റെ നേട്ടങ്ങളില്‍ ദൂരെ നിന്ന് അഭിമാനിക്കുക മാത്രമേ എന്റെ അമ്മ ചെയ്തിട്ടുള്ളൂ. ആ നേട്ടങ്ങളുടെ കീര്‍ത്തി പറ്റാന്‍ ഒരിക്കലും താല്‍പ്പര്യം കാണിക്കാതിരുന്ന ഹീരാബെന്‍ മകന് പ്രധാനമന്ത്രി ആയതുള്‍പ്പെടെ ദൈവത്തിന്റെ കൃപ ഒന്നുകൊണ്ട് മാത്രമാണെന്ന് വിശ്വസിക്കുന്നു. ഞാനും ദൈവത്തിന്റെ കൈയിലെ ഒരു ഉപകരണം മാത്രമാണെന്ന് വിശ്വസിക്കാനായിരുന്നു ഹീരാബെന്‍ മോദിയ്ക്ക് ഇഷ്ടം. അമ്മ എന്നെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ലളിതവും സുന്ദരവും അവിശ്വസനീയവുമായ ജീവിതമാണ് അമ്മയുടേത്. ചെറിയ വീട്ടിലെ ഒരു കുഞ്ഞുമുറിയാണ് അമ്മയുടെ ഇടം. അമ്മയ്ക്ക് സ്വര്ണാഭരണങ്ങളോടോ നിറപകിട്ടുള്ള വസ്ത്രങ്ങളോടോ യാതൊരു താല്പര്യവുമില്ല. സ്വന്തം പേരില്‍ അമ്മയ്ക്ക് യാതൊരുവിധ സ്വത്തുക്കളുമില്ല’- പ്രധാനമന്ത്രി കുറിക്കുന്നു.
അതേസമയം, രണ്ട് വട്ടമാണ് നരേന്ദ്രമോദിക്കൊപ്പം ഹീരാബെന്‍ മോദി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഏക്ത യാത്ര പൂര്‍ത്തിയാക്കി ലാല്‍ ചൗക്കില്‍ പതാക നാട്ടി തിരിച്ചെത്തവേ അഹമദാബാദില്‍ വച്ച് മോദിക്കൊപ്പം അമ്മയുണ്ടായിരുന്നു. പിന്നീട് ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനും മോദിക്കൊപ്പം അമ്മയെത്തിയിരുന്നു.

