കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പു തേടി സരിത എസ് നായര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. സ്വപ്നയുടെ രഹസ്യ മൊഴിയില്‍ തനിക്കെതിരേ ആരോപണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത കോടതിയെ സമീപിച്ചത്. സ്വപ്നയ്ക്ക് എതിരായ കേസില്‍ സരിതയുടെ രഹസ്യമൊഴി ഈ മാസം എടുക്കാനാണ് തീരുമാനം.
എന്നാല്‍, സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണം പൂര്‍ത്തിയാകാതെ ആര്‍ക്കും നല്‍കാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മൊഴി പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനെ ഈ കേസിലെ അന്വേഷണ ഏജന്‍സിയായി കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെയും സത്യവാങ്മൂലത്തിന്റെയും പകര്‍പ്പ് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ ക്രൈംബ്രാഞ്ചിന് നിയമപരമായ എന്ത് അവകാശമാണുള്ളതെന്ന് കോടതി ചോദിച്ചു. സ്വപ്ന രഹസ്യമൊഴി നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണത്തിന് മൊഴി പകര്‍പ്പ് അനിവാര്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം, ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയതില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും രഹസ്യമൊഴി എങ്ങനെയെങ്കിലും വാങ്ങിയെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചു. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നതെന്നും ഈ കേസിലെ അന്വേഷണ ഏജന്‍സി ഇ.ഡിയാണെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

