സാധാരണയേക്കാൾ ഹീമോഗ്ലോബിൻ കുറവായി കാണപ്പെടുന്ന അവസ്ഥയാണ് തലാസീമിയ രോഗം. ഓക്‌സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിൻ കുറവായതിനാൽ തലാസീമിയ രോഗികൾക്ക് വിളർച്ച ബാധിക്കും. തലാസീമിയക്ക് ആദ്യ ഘട്ടത്തിൽ ചികിത്സ ആവശ്യമില്ലെങ്കിലും കൂടുതൽ കഠിനമായ ഘട്ടത്തിൽ ഇത് ഗുരുതരമാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
തലാസീമിയ രോഗത്തിന്റെ തരം, തീവ്രത എന്നിവ അനുസരിച്ച് രോഗലക്ഷണങ്ങൾ വ്യത്യാസപ്പെടാം. പൊതുവായ ചില ലക്ഷണങ്ങൾ വിളറിയ ത്വക്ക്, ക്ഷീണം, അസ്ഥി വൈകല്യങ്ങൾ, കടുംനിറത്തിലുള്ള മൂത്രം, വളർച്ചക്കുറവ്, വയറുവേദന എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. കൂടുതലായും ജനിതകമായി സംഭവിക്കുന്ന ഒരു രോഗമാണ് തലാസീമിയ. മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് ഈ രോഗം പകരുന്നു. മാതാപിതാക്കൾ രോഗബാധിതരാണെങ്കിൽ ജനിക്കുന്ന കുട്ടിക്ക് രോഗം വരാൻ 25 ശതമാനം സാധ്യതയുണ്ട്.
കടുത്ത തലാസീമിയ ഉള്ളവർക്ക് ഈ അവസ്ഥയെ നേരിടാൻ പതിവായി രക്തം മാറ്റേണ്ടിവരും. കൃത്യമായ ചികിത്സയും മരുന്നുകളും ആവശ്യമായി വരും. ഹീമോഗ്ലോബിന്റെ അളവും വിളർച്ചയും കാരണം തലാസീമിയ രോഗികളുടെ വളർച്ച മന്ദഗതിയിലാകും. അതിനാൽ, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതാണെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നത്.

