എക്‌സ്‌പ്ലോററില്ല, ഇനി എഡ്ജ്‌

ഇന്റര്‍നെറ്റ് എക്‌സ്പ്‌ളോറര്‍ നീണ്ട 27 വര്‍ഷത്തെ സേവനത്തിന് ശേഷം പിന്‍വാങ്ങുന്നു. മാതൃകമ്ബനിയായ മൈക്രോസോഫ്റ്റ് തന്നെയാണ് ഇന്റര്‍നെറ്റ് എക്‌സ്പ്‌ളോററിന്റെ സേവനം അവസാനിപ്പിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. 1995ല്‍ ഓപ്പറേറ്റിംഗ് സോഫ്ട്വെയറായ വിന്‍ഡോസ് 95ന്റെ കൂടെ ഒരു അധിക ഫീച്ചറായാണ് ഇന്റര്‍നെറ്റ് എക്‌സ്പ്‌ളോറര്‍ മൈക്രോസോഫ്ട് അവതരിപ്പിക്കുന്നത്. പിന്നീട് എക്‌സ്പ്‌ളോററിനെ സൗജന്യമായി നല്‍കാന്‍ മൈക്രോസോഫ്ട് തീരുമാനിക്കുകയായിരുന്നു.

ഒജി സെര്‍ച്ച് എന്‍ജിന്‍ എന്ന പേരില്‍ തുടക്കത്തില്‍ അറിയപ്പെട്ടിരുന്ന എക്‌സ്പ്‌ളോറര്‍ 90കളുടെ അവസാനത്തോടെയാണ് ഏറ്റവും പ്രചാരമുള്ള ബ്രൗസര്‍ ആയി മാറുന്നത്. 2003 ആയിരുന്നു എക്‌സ്പ്ലോററിന്റെ സുവര്‍ണ കാലഘട്ടം. 95 ശതമാനം ഉപയോഗ പങ്കാളിത്തമാണ് ആ വര്‍ഷം ഇതിനുണ്ടായിരുന്നത്. എന്നാല്‍ 2003 ന് ശേഷം മറ്റ് പല വെബ് ബ്രൗസറുകളും അവതരിച്ചു തുടങ്ങി. അതോടെ എക്‌സ്പ്ലോററിന്റെ കാലക്കേട് തുടങ്ങി. ക്രമേണ എക്‌സ്പ്ലോററിന് ഇവരോട് പിടിച്ചുനില്‍ക്കാന്‍ പറ്റാതാവുകയും ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ് വരികയും ചെയ്തു. 2013ന് ശേഷം 11 തവണ ഇന്റര്‍നെറ്ര് എക്‌സ്പ്‌ളോററില്‍ മൈക്രോസോഫ്ട് വിവിധ അപ്‌ഡേഷനുകള്‍ വരുത്തിയിരുന്നു. എന്നാല്‍ 2016 മുതല്‍ പുതിയ വേര്‍ഷനുകള്‍ ഉള്‍പ്പെടുത്താതെയായി. 2013ലാണ് ഇന്റര്‍നെറ്റ് എക്‌സ്പ്ലോറര്‍ 2013 റീലിസ് ചെയ്യുന്നത്. ഇതായിരുന്നു എക്‌സ്പ്ലോററിന്റെതായി മൈക്രോസോഫ്റ്റ് പുറത്തിറക്കിയ അവസാനത്തെ വേര്‍ഷന്‍.

ഗൂഗിളിന്റെ ക്രോമിനെ നേരിടുന്നതിനായി മൈക്രോസോഫ്ട് ഒരു ബ്രൗസര്‍ കൂടെ പുറത്തിറക്കി. മൈക്രോസോഫ്ട് എഡ്ജ് എന്നായിരുന്നു അതിന് അവര്‍ പേര് കൊടുത്തത്. പുതിയ ബ്രൗസര്‍ കൊണ്ടുവരുന്ന ശ്രദ്ധയില്‍ കമ്ബനി പോലും എക്‌സ്പ്ലോററിനെ മൈന്‍ഡ് ചെയ്യാതായി. 2016ല്‍ തന്നെ എക്‌സ്പ്ലോററിന്റെ വികസനങ്ങളും കമ്ബനി നിറുത്തലാക്കി. ഇന്ന് എക്‌സ്പ്ലോറര്‍ പൂര്‍ണായി സേവനം അവസാനിപ്പിക്കുമെന്നാണ് ഔദ്യോഗിക വിവരം. അതേസമയം മൈക്രോസോഫ്ട് എഡ്ജില്‍ ഇന്റര്‍നെറ്റ് എക്‌സ്പ്ലോറര്‍ എന്ന ഒരു മോഡ് കമ്ബനി നല്‍കിയിട്ടുണ്ട്. അതിലൂടെ ഉപയോക്താക്കള്‍ക്ക് എഡ്ജില്‍ നിന്ന് നേരിട്ട് എക്‌സ്പ്ലോറര്‍ അടിസ്ഥാനമാക്കിയുള്ള വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ആക്‌സസ് ചെയ്യാന്‍ കഴിയുമെന്നും കമ്ബനി പറയുന്നു.