ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയ്ക്ക് പിന്തുണയുമായി നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ. അഗ്നിപഥ് പദ്ധതി തിടുക്കപ്പെട്ട് നടപ്പാക്കിയതല്ലെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടത്ര ചർച്ച നടത്തിയെന്നും രണ്ടുവർഷമായി പദ്ധതിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയിലൂടെ യുവാക്കൾക്ക് മികച്ച അവസരം ലഭിക്കും. പദ്ധതിയുടെ മറവിൽ സാമൂഹിക വിരുദ്ധർ സേനയിലേക്ക് കടന്നുകയറാതിരിക്കാൻ റിക്രൂട്ട്‌മെന്റ് ഏറെ സൂക്ഷ്മതയോടെയായിരിക്കും നടത്തുക. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ടു ബോധവൽക്കരണം നടത്തുമെന്നും ആറുമാസത്തിനകം പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇനിയുള്ള നിയമനങ്ങളെല്ലാം അഗ്നിപഥ് വഴിയായിരിക്കും. പ്രായപരിധിക്ക് ഇളവ് നൽകിയത് ഈ വർഷം മാത്രമായിരിക്കും. ആയുധ പരിശീലനം ലഭിച്ച് സേവനം പൂർത്തിയാക്കിയവർ സമൂഹത്തിന് വെല്ലുവിളിയാകുമെന്ന ആശങ്ക അനാവശ്യമാണ്. പരിശീലന കാലയളവ് കുറഞ്ഞാലും മികവിനെ ബാധിക്കില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.

