അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ: നടപടികൾ ആരംഭിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്‌

തിരുവനന്തപുരം: സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതിനെതിരെ നടപടികളാരംഭിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. വിജിലൻസ് പിടികൂടിയ ഏഴ് പേർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച കൂടുതൽ പരിശോധനകൾ വിജിലൻസിന് സഹായത്തോടെ നടത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിൽ കഴിഞ്ഞ ദിവസം വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടേറ്റിലും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളും, അസി.വിദ്യാഭ്യാസ ഓഫീസുകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. ഓപ്പറേഷൻ ജ്യോതി എന്ന പേരിലായിരുന്നു പരിശോധന.

എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക- അനധ്യാപക നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നാണ് വിജിലൻസ് ഇന്റലിജൻസിന്റെ റിപ്പോർട്ട്. പുതിയ തസ്തികൾ സൃഷ്ടിക്കുന്നതിനും, ഗ്രാന്റുകൾ അനുവദിക്കുന്നതിലും ഉദ്യോഗസ്ഥർ കൈക്കൂലിയും പാരിതോഷികവും വാങ്ങുവെന്നും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്.

തുടർന്നാണ് തെരഞ്ഞെടുത്ത 24 വിദ്യാഭ്യാസ ഓഫീസകളിലും 30 അസിസ്റ്റൻറ് വിദ്യാഭ്യാസ ഓഫീസുകളിലും വിജിലൻസ് പരിശോധന നടത്തിയത്. വിജിലൻസ് ഐജി എച്ച്.വെങ്കിടേഷിന്റെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സർക്കാർ – എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികളാരംഭിച്ചു. വിജിലൻസ് പിടികൂടിയ ഏഴ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇത് സംബന്ധിച്ച കൂടുതൽ പരിശോധനകൾ വിജിലൻസിന്റെ സഹായത്തോടെ നടത്താനാണ് തീരുമാനം.