അഗ്നിപഥ് പദ്ധതി; രാജ്യത്തെ സേവിക്കാനുള്ള സുവർണാവസരമാണ് യുവാക്കൾക്ക് നൽകുന്നതെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി രാജ്യത്തെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെടാനും, രാജ്യത്തെ സേവിക്കാനുമുള്ള സുവർണാവസരമാണ് ഇന്ത്യയിലെ യുവാക്കൾക്ക് നൽകുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.

ഈ വർഷം റിക്രൂട്ട്മെന്റിനുള്ള പ്രായപരിധി ഉയർത്തിയത് നിരവധി യുവാക്കൾക്ക് അഗ്‌നിവീരന്മാരാകാനുള്ള സാധ്യത തുറക്കും. യുവാക്കൾ തയ്യാറായി ഇരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പദ്ധതിയെ കുറിച്ച് വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തിയിട്ടുണ്ട്. യുവാക്കളുടെ ശോഭനമായ ഭാവിയ്ക്ക് വേണ്ടിയുള്ള പദ്ധതിയാണ് അഗ്നിപഥ്. പദ്ധതി നടപ്പിലാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

ഇന്ത്യയിലെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയാണ് അഗ്നിപഥ് പദ്ധതി. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി സൈനിക റിക്രൂട്ട്മെന്റ് നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ സൈന്യത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് പദ്ധതി നൽകുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.