അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചിത്രം അധികൃതർക്ക് അയച്ചു കൊടുക്കുന്നവർക്ക് പാരിതോഷികം; നിതിൻ ഗഡ്കരി

ന്യൂഡൽഹി: അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചിത്രം അധികൃതർക്ക് അയച്ചു കൊടുക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അനധികൃത പാർക്കിംഗിന് 1000 രൂപയാണ് പിഴയെങ്കിൽ അതിൽ 500 രൂപ ഇതിന്റെ ചിത്രം അയച്ചു തന്നയാൾക്ക് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിലെ പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അതേസമയം, ഇക്കാര്യത്തിൽ എന്തെങ്കിലും നിയമ നിർമ്മാണം നടത്താൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ടോയെന്ന കാര്യം വ്യക്തമല്ല. രാജ്യത്തെ നഗരങ്ങളിൽ അനധികൃത പാർക്കിങ് ഒരു ‘വിപത്തായി’ മാറുന്നെന്ന് അദ്ദേഹം പറഞ്ഞു. ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും ചിലപ്പോൾ കാറുകൾ ഉണ്ടാകും. എന്നാൽ ആരും പാർക്കിങ് സ്ഥലങ്ങൾ നിർമിക്കുന്നില്ല. ഡൽഹിയിൽ, വിശാലമായ റോഡുകൾ പാർക്കിങ് സ്ഥലങ്ങളായി കണക്കാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാഗ്പൂരിലെ തന്റെ വീട്ടിൽ 12 കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ടെന്നും റോഡിൽ പാർക്ക് ചെയ്യുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് വൈറസ് വ്യാപനം മൂലം കുത്തനെ ഇടിഞ്ഞതിന് ശേഷം അടുത്തിടെ ഇന്ത്യയിലെ കാർ വിൽപ്പന കുതിച്ചുയരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2021 മെയ് മാസം നടന്ന വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ 2022 മെയ് മാസത്തിൽ ഇന്ത്യയിലെ വാഹനവിൽപന ഇരട്ടിയായി ഉയർന്നു. ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്ന പൊതുഗതാഗതം ഇന്ത്യയ്ക്ക് അനിവാര്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.