ശരിയായ ദിശയിലുള്ള പരിഷ്‌കാരം; അഗ്നിപഥ് പദ്ധതിയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിയ്ക്ക് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി. ശരിയായ ദിശയിലുള്ള പരിഷ്‌കാരമാണിതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാലഘട്ടത്തിന്റെ യുദ്ധരീതികൾക്ക് അനുസരിച്ച് പദ്ധതി മാറ്റത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമ്പോഴാണ് മനീഷ് തിവാരി തന്റെ നിലപാട് അറിയിച്ചിട്ടുള്ളത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ പ്രതികരണം. റാങ്കില്ല, പെൻഷനില്ല… രണ്ട് വർഷത്തേക്ക് നേരിട്ടുള്ള നിയമനമില്ല, നാല് വർഷത്തിനു ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല, സൈന്യത്തോട് ബഹുമാനമില്ല, തൊഴിൽരഹിതരുടെ ശബ്ദം കേൾക്കുവിനെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേസമയം, പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ബിജെപി സഖ്യകക്ഷി നേതാവുമായ അമരീന്ദർ സിങ് രംഗത്തെത്തി. പദ്ധതി പുനഃപരിശോധിക്കണമെന്ന് ബിജെപി സഖ്യകക്ഷിയായ ജെഡിയുവിന്റെ നേതാവ് ഉപേന്ദ്ര ഖുശ്വാഹയും ആവശ്യപ്പെട്ടു. എന്നാൽ, പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം. പല രാജ്യങ്ങളും സമാനമായ നിയമനം സൈന്യത്തിൽ നടത്തുന്നുണ്ടെന്നും രണ്ട് വർഷത്തോളം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സേനയിൽ നിശ്ചിത കാലം തൊഴിൽ പരിശീലനം ലഭിക്കുന്ന യുവാക്കൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ ലഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.