ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചതിന് ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന ജീവനക്കാരിയുടെ പരാതിയില്‍ ക്രൈം നന്ദകുമാര്‍ എന്ന ടി.പി. നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വര്‍ഷം, മന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഫോണിലൂടെ മന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനും ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനുമാണ് നന്ദകുമാറിനെതിരെ അന്ന് കേസെടുത്തത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് കാക്കനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്

അതേസമയം, സ്വര്‍ണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് നന്ദകുമാര്‍ അടുത്തിടെ ഒരു പത്രസമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ സ്വപ്നയും പി.സി. ജോര്‍ജും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന സമ്പത്തില്‍ താനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് കൊണ്ടായിരുന്നു നന്ദകുമാര്‍ മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷിന്റെ സമീപകാല ആരോപണങ്ങള്‍ക്ക് പിന്നില്‍ പി.സി. ജോര്‍ജും ക്രൈം മാസികയുടെ എഡിറ്റര്‍ നന്ദകുമാറുമാണെന്ന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ബോധിപ്പിച്ചിരുന്നു.

എന്നാല്‍, സരിത കള്ളം പറയുകയാണെന്നും സ്വപ്നയും ജോര്‍ജും താനും ഒരുമിച്ചു കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഞങ്ങളുടെ പ്രസിദ്ധീകരണം സ്വപ്നയും ജോര്‍ജുമായി ഒരു സംയുക്ത അഭിമുഖം ആസൂത്രണം ചെയ്യുകയായിരുന്നു. എന്നാല്‍, അത് നടന്നില്ല’ എന്നായിരുന്നു നന്ദകുമാര്‍ പറഞ്ഞത്.