ന്യൂഡൽഹി: മാദ്ധ്യമ – പ്രചാരണ വിഭാഗങ്ങളുടെ തലപ്പത്ത് അഴിച്ചുപണിയുമായി കോൺഗ്രസ്. മാദ്ധ്യമ – പ്രചാരണ വിഭാഗത്തിന്റെ തലപ്പത്ത് നിന്നും രൺദീപ് സിംഗ് സുർജേവാലയെ മാറ്റി. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ജയ്‌റാം രമേശാകും ഇനി കോൺഗ്രസിന്റെ മാദ്ധ്യമ – പ്രചാരണ വിഭാഗങ്ങളെ ദേശീയ തലത്തിൽ നയിക്കുക. കോൺഗ്രസ് നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്.
ചിന്തൻ ശിബിരത്തിൽ നിലവിലെ പ്രചാരണ വിഭാഗത്തിന് വലിയ വിമർശനം നേരിട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പുതിയ തീരുമാനമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം.
അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഇഡിയുടെ നാളത്തെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് എൻഫോഴ്‌സ്‌മെന്റിന്റെ നടപടി.

