ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രക്ഷോഭം രൂക്ഷമാവുന്നു. യുപിയിലും ബിഹാറിലും ഇന്ന് രാവിലെ ജനക്കൂട്ടം ട്രെയിനുകള്‍ക്ക് തീയിട്ടു. യുപിയിലെ ബലിയയില്‍ ഇന്ന് രാവിലെയാണ് ആള്‍ക്കൂട്ടം റെയില്‍വെ സ്റ്റേഷനില്‍ കയറി ട്രെയിനിന് തീയിട്ടത്. സ്റ്റേഷനിലെ സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. ബിഹാറിലെ മൊഹിയുദ്ദിനഗര്‍ പോലീസ് സ്റ്റേഷനില്‍ ജമ്മു-താവി എക്‌സ്പ്രസിന്റെ രണ്ടു കോച്ചുകള്‍ക്ക് തീയിട്ടു. സംഭവത്തില്‍ ആര്‍ക്കും അപകടമില്ല. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ടു ബോഗികള്‍ക്ക് പ്രതിഷേധക്കാര്‍ ഇന്നു രാവിലെ തീവെച്ചു. പ്രതിഷേധം ഹരിയാനയിലേക്കും മധ്യപ്രദേശിലേക്കും വ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ കല്ലേറും, അക്രമവും തുടര്‍ന്നതോടെ, ഇന്റര്‍നെറ്റും എസ്എംഎസും 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തി വച്ചു.
അതേസമയം, പര്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തണുപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പദ്ധതിയിലെ അംഗമാകാനുള്ള ഉയര്‍ന്ന പ്രായപരിധി 21-ല്‍നിന്ന് 23 ആക്കി കേന്ദ്രം ഉയര്‍ത്തിയിരിക്കുന്നത്. കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റുകളൊന്നും നടന്നിട്ടില്ല. അതിനാന്‍ ഇക്കൊല്ലത്തേക്ക് മാത്രം ഉയര്‍ന്ന പ്രായപരിധി 23 ആക്കി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ ഉയര്‍ന്ന പ്രായപരിധി എന്ന ആവശ്യം മാത്രമല്ല, പെന്‍ഷന്‍, തൊഴില്‍സ്ഥിരത, ആനുകൂല്യങ്ങള്‍ തുടങ്ങിയ ഘടകങ്ങളും ഇവരുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. മുന്‍പ് സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്നവരും പദ്ധതിയുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ഇന്നലെ ബിഹാറിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും റോഡ്, റെയില്‍ ഗതാഗതം സ്തംഭിപ്പിച്ച അവസ്ഥയാണ് ഉണ്ടായത്. ബിഹാറിലെ സരന്‍ ജില്ലയിലെ ഛപ്രയിലും ബാബുവയിലും പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു. ആര റെയില്‍വേ സ്റ്റേഷന് നേരെ കല്ലേറുമുണ്ടായി. ബാബുവയില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കോച്ചിന് പ്രതിഷേധക്കാര്‍ തീയിടുകയും കോച്ചുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് 22 ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കി. അഞ്ചു ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഭാഭുവ റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ജനല്‍ച്ചില്ലുകള്‍ തല്ലിത്തകര്‍ത്തു. കൈമൂര്‍, ചപ്ര എന്നിവിടങ്ങളിലും സമരക്കാര്‍ ട്രെയിനിന് തീയിട്ടു. ജഹാനാബാദിലും ആരായിലും സമരക്കാര്‍ റെയില്‍വേ ട്രാക്ക് ഉപരോധിക്കുകയും, പൊലീസിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട 12643 നിസാമുദീന്‍ എക്‌സ്പ്രസിന് നേരെ ഗ്വാളിയോര്‍ സ്റ്റേഷനില്‍ വെച്ച് അക്രമമുണ്ടായി.

