അഗ്നിപഥ്: പ്രതിഷേധം തുടരുന്നു; പദ്ധതിയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. സൈന്യത്തിലേക്ക് യുവാക്കളെ നിയമിക്കുന്ന പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നയം.

പല രാജ്യങ്ങളും സമാനമായ നിയമനം സൈന്യത്തില്‍ നടത്തുന്നുണ്ടെന്നും രണ്ട് വര്‍ഷത്തോളം നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും കേന്ദ്രം വിശദീകരിക്കുന്നു. സേനയില്‍ നിശ്ചിത കാലം തൊഴില്‍ പരിശീലനം ലഭിക്കുന്ന യുവാക്കള്‍ക്ക് കൂടുതല്‍ ജോലി സാധ്യതകള്‍ തുറന്നു കിട്ടുമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു.

എന്നാല്‍, പദ്ധതിക്കെതിരെ പ്രതിഷേധം തുടരുകയാണ്. രാജസ്ഥാനിലെ ജോധ്പൂരില്‍ അഗ്‌നിപഥ് വിരുദ്ധര്‍ നടത്തിയ ശക്തമായ പ്രതിഷേധ പ്രകടനത്തില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. അതേസമയം പ്രതിഷേധിക്കുന്നവരോട് സമാധാനം നിലനിര്‍ത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.